കണിച്ചാർ (കണ്ണൂർ): ഉപതിരഞ്ഞെടുപ്പിൽ തോറ്റാൽ പഞ്ചായത്തിലെ ഭരണം പോകും എന്ന ഭയം മൂത്ത് വോട്ടർ പട്ടികയിൽ എന്തെല്ലാം തരികിട കളിക്കാമെന്ന പരീക്ഷണത്തിലാണ് കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്ത് ഭരണകക്ഷിയായ സിപിഎമ്മും പഞ്ചായത്ത് പ്രസിഡൻ്റുമെന്ന് കോൺഗ്രസ് ആരോപണം. ഇങ്ങനെ തട്ടിപ്പ് നടത്തിയ പലരും ഇപ്പോൾ നിയമ നടപടിയിൽ കുരുങ്ങിക്കിടക്കുകയാണ് എന്ന മുന്നറിയിപ്പും കോൺഗ്രസ് നൽകി.
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ചെങ്ങോം ഉപതിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ തിരിമറി നടത്തി തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനുള്ള നീക്കങ്ങൾ തുറന്നു കാട്ടി കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹികളും ,കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുമാണ് രംഗത്ത് വന്നത്. സമീപ പ്രദേശങ്ങളിലെ, പഞ്ചായത്തിന് പുറത്തുള്ള അക്ഷയ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നീക്കങ്ങൾ നടത്തിയതായും, സ്ഥലത്തില്ലാത്തവരെ ഉൾപെടുത്തി പുതിയ വോട്ടർ പട്ടികയുണ്ടാക്കി കള്ളവോട്ട് ചെയ്ത് വാർഡ് നിലനിർത്താനുള്ള നീക്കമാണ് പഞ്ചായത്ത് പ്രസിഡൻ്റും സി പി എമ്മും ശ്രമിക്കുന്നതെന്നാണ് കണിച്ചാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേൽ ,പഞ്ചായത്തംഗങ്ങളായ ജോജൻ എടത്താഴെ ,സുനി ജസ്റ്റിൻ, സുരേഖ സജി, സുരഭി ജെയിംസ്, വാർഡ് പ്രസിഡണ്ട് ആമോസ്, ടോമി വലിയപറമ്പിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഈ രീതിയിൽ മുന്നോട്ടു നീങ്ങിയാൽ നിയമപരമായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി കണിച്ചാർ ആറാം വാർഡിൽ വികസനം എത്തി നോക്കിയിട്ടില്ലെന്നും , ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തട്ടിക്കൂട്ട് വികസന പ്രചാരണങ്ങൾ നടത്തി ജനത്തെ പറ്റിക്കാനാണ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ രാജിവെച്ച് ഒഴിയാൻ തയ്യാറാകണം. നാല് വർഷമായി സി.പി.എം. ഭരിക്കുന്ന കണിച്ചാറിൽ കുടുംബശ്രീ സംവിധാനമൊക്കെ വെറും നോക്ക് കുത്തിയാണ്. ഇതിൻ്റെ ദുരിതം ജനം അനുഭവിക്കുകയാണ് എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
- ക്രിത്രിമം ആരോപിക്കപ്പെടുന്ന രീതി
പൊതുവേ നടത്തുന്ന ചില ക്രിത്രിമങ്ങളെ കുറിച്ചുള്ള സൂചനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥലത്തില്ലാത്തതിനാൽ മുമ്പ് പട്ടികയിൽ നിന്ന് നീക്കം ചെയ്തവരെ കൂട്ടി ചേർക്കലാണ് പ്രധാന പരിപാടി. ഇതാകട്ടെ അടുത്ത പഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമർപ്പിക്കും. അപേക്ഷകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെങ്കിലും പേരും പിതാവിൻ്റെ പേരുമല്ലാതെ വീട്ടു പേരോ സ്ഥലമോ ലിസ്റ്റിൽ ഉണ്ടാകില്ല. അപേക്ഷകരെ വേരിഫിക്കേഷന് വിളിക്കും. പഞ്ചായത്ത് സെക്രട്ടറിയാണ് വേരിഫിക്കേഷൻ നടത്തേണ്ടത്. പേര് ചേർക്കാൻ ഐ ഡി കാർഡോ, ആധാർ കാർഡോ മതി. സ്ഥിരതാമസം തെളിയിക്കാൻ റേഷൻ കാർഡും. ദൂരെ പഠിക്കുന്ന വിദ്യാർത്ഥികൾ ആണെങ്കിൽ നേരിട്ട് ഹാജരാകേണ്ട കാര്യമില്ല. നിശ്ചിത ഫോറത്തിൽ സത്യവാങ്മൂലം നൽകിയാൽ മതി. വാർഡിൽ ചിരപരിചിതരല്ലാത്ത പലരേയും വോട്ടർമാരാക്കിയാൽ വോട്ട് ചെയ്യാൻ എത്തുമ്പോൾ ബൂത്ത് ഏജൻ്റിന് പോലും ആളെ തിരിച്ചറിയാൻ കഴിയാതെ വരും. വേരിഫിക്കേഷൻ നടത്തുന്ന ഉദ്യോഗസ്ഥൻ വേണ്ടപ്പെട്ട ആളെങ്കിൽ നാട്ടിലില്ലെങ്കിലും വോട്ടറാകാമെന്നും നാട്ടിലില്ലെങ്കിലും വോട്ട് ചെയ്യപ്പെടുമെന്നുമാണ് പൊതുവിൽ ഉയരാറുള്ള ഒരാരോപണം.
- കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് കണിച്ചാറിൽ ചരിത്രത്തിൽ ആദ്യമായി സിപിഎം അധികാരത്തിലെത്തിയത്.
-കോൺഗ്രസിലെ തമ്മിലടി കാരണം നാലിൽ അധികം സീറ്റുകൾ നഷ്ടപ്പെട്ടതാണ് ഭരണം സി പി എമ്മിന് കിട്ടാൻ കാരണം. 13 വാർഡുകളാണ് ഉള്ളത്. സി പി എമ്മിന് 6 ഉം കേരള കോൺഗ്രസ് മാണിക്ക് ഒന്നും ചേർത്ത് ഏഴ് അംഗങ്ങളാണ് ഉള്ളത്. ഒരംഗത്തിൻ്റെ ഭൂരിപക്ഷമാണ് ഉള്ളത്. ആറാം വാർഡിലെ സംവരണ സീറ്റിൽ ജയിച്ച അംഗം ജോലി ലഭിച്ച് പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആറാം വാർഡ് യുഡിഎഫിന് ഭൂരിപക്ഷം ഉള്ള പ്രദേശമാണ്. ഗ്രൂപ്പുവഴക്കും പാലം വലിയും നടത്താതെ പ്രവർത്തിക്കുകയും കൃത്യമായി വോട്ട് ചെയ്യുകയും ചെയ്താൽ മഹാഭൂരിപക്ഷത്തിന് കോൺഗ്രസിന് ജയിച്ചു കയറാം. മാത്രമല്ല രണ്ട് വർഷം മുൻപുണ്ടായ പ്രകൃതിദുരന്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചിട്ടു പോലും സാധാരണക്കാരന് കരകയറാൻ ആവശ്യമായ ഒരു സഹായവുമെത്തിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിന് സാധിച്ചിട്ടില്ല. വലിയ വാഗ്ദാനങ്ങളും ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉന്നതൻ തട്ടിക്കുട്ടിയുണ്ടാക്കിയി ഒരു റിപ്പോർട്ടും കൊണ്ടു നടന്ന് കുറേ പ്രസ്താവനകൾ നടത്തിയതൊഴിച്ചാൽ പൂളക്കുറ്റി, നെടുംപുറംചാൽ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ പഞ്ചായത്ത് പ്രസിഡൻറും ഭരണപക്ഷവും വട്ടപ്പൂജ്യമായി മാറിയെന്ന ആക്ഷേപവും നിലനിൽക്കുകയാണ്. പഞ്ചായത്തിന് യാതൊരു വികസനവും ഉണ്ടായില്ല എന്ന് മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ പോലും സാധാരണക്കാരന് ലഭ്യമാകാത്ത വിധം ദുരിതമാകുകയും ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തത്തിൽ തകർന്ന റോഡിൽ കുഴിയടയ്ക്കാനോ പാലങ്ങൾക്കും റോഡിനും സുരക്ഷ നൽകാനോ പോലും നടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ല. എന്ന് മാത്രമല്ല, പ്രകൃതിദുരന്തത്തിന് ശേഷം നിരവധി കർഷകരാണ് സാമ്പത്തിക പ്രതിസന്ധി നേരിടുകയും കടക്കെണിയിൽപെടുകയും ചെയ്തിട്ടുള്ളത്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമിക്കാൻ പോലും സാധിച്ചിട്ടില്ല. കാരണം അതിനാവശ്യമായ സാമ്പത്തിക സഹായമെത്തിക്കാമെന്ന് പ്രഖ്യാപിച്ചതല്ലാതെ നൽകാൻ പഞ്ചായത്ത് പ്രസിഡൻ്റിന് കഴിഞ്ഞിട്ടില്ല. എം എൽഎയും എം പിമാരും അടക്കമുള്ളവർ പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയും വകുപ്പുമന്ത്രിമാർ ശരിവയ്ക്കുകയും ചെയ്തിട്ടും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുമായി നടന്നതല്ലാതെ രണ്ട് വർഷമായിട്ടും സാധാരണക്കാരന് അതിജീവിക്കാൻ ഒരു സഹായവും ചെയ്തു കൊടുക്കാൻ പഞ്ചായത്ത് പ്രസിഡൻ്റിന് സാധിച്ചില്ല എന്ന ആരോപണം ഭരണമുന്നണിയിലും പാർട്ടിയിലും ഉണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏതെങ്കിലും ഏജൻസിയുടെ പേരും പറഞ്ഞ് എന്തെങ്കിലും പ്രഖ്യാപനമൊക്കെയായി എത്താമെന്ന പ്രതീക്ഷയിലാണ് പ്രസിഡൻ്റിൻ്റെ പക്ഷത്തിലുള്ളവരെന്നാണ് ജനത്തിൻ്റെ വിലയിരുത്തൽ.
How to falsify voter list? An attempt at Kanichar?